Search This Blog

Tuesday, 28 June 2011

ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

''പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്'' -


മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് 'മാതൃഭൂമി'യുമായുള്ള ഒരു അഭിമുഖത്തില്‍ ലോഹിതദാസ് പറഞ്ഞ വാക്കുകളാണിത്. ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമക്ക് രണ്ടു വയസ്സാവുകയാണ്. 2009 ജൂണ്‍ 29 നാണ് ലോഹിതദാസ് ഒട്ടേറെ കഥപാത്രങ്ങളെ ബാക്കിയാക്കി കടന്നുപോയത്. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ സജീവമായിരുന്നത് 12 വര്‍ഷം മാത്രം. എന്നിട്ടും ആ എഴുത്തുകാരന്‍ മലയാള സിനിമയുടെ ഭാവി നിര്‍ണയിച്ചു. തീയേറ്ററുകളില്‍ ആളു കൂടണമെങ്കില്‍ ലോഹി എഴുതണം എന്ന അവസ്ഥയായിരുന്നു ആ കാലത്ത്. പുതുമുഖ നടന്‍മാര്‍ ലോഹിയുടെ ചിത്രങ്ങള്‍ നല്ല രാശിയായി കരുതി. ലോഹിയുടെ അനുഗ്രഹം വാങ്ങി ചായമിട്ടവരെല്ലാം വലിയ ഹീറോകളായി. ടൈപ്പുകളില്‍ കുടങ്ങിക്കിടന്ന ഹീറോകളാവട്ടെ വലിയ നടന്മാരായി പേരെടുത്തു. പലരും മഹാനടന്‍മാരായി അറിയപ്പെട്ടു. എണ്ണമറ്റ പുരസ്‌കാരങ്ങള്‍ അവര്‍ വാരിക്കൂട്ടി. പക്ഷെ ലോഹിയുടെ ജീവിതമാവട്ടെ ഒടുവില്‍ ഒറ്റപ്പെട്ട് കടക്കെണിയുടെ ദുരിതത്തിലാണ് ചെന്നെത്തിയത്. തന്റെ കഥകളിലെ ഒരു നായകന്റെ അന്ത്യം പോലെ അവസാനിച്ചു ലോഹിതദാസ്.

എം ടി യും പത്മരാജനും ജോണ്‍പോളും ടി ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്. ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാന്‍. പല തവണ അവസരം അടുത്തെത്തി. പക്ഷെ നിര്‍ഭാഗ്യങ്ങള്‍ അകറ്റി. 1987 ല്‍ 'തനിയാവര്‍ത്തന'ത്തിലൂടെ ലോഹിയുടെ ആദ്യ തിരക്കഥ സിനിമയായി.
''എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്'' ക്ലാസ്സ് റൂമില്‍ വെച്ച് ഒരു പെണ്‍കുട്ടി ബാലന്‍മാഷോട് ഇങ്ങനെ ചോദിക്കുമ്പോള്‍ കാണികള്‍ നെഞ്ചുരുകി വീര്‍പ്പടക്കിയാണ് ആ രംഗം കണ്ടത്. തറവാട്ടിലെ ഭ്രാന്തിന്റെ പാരമ്പര്യത്തിലേക്ക് ഒരു കണ്ണി കൂടി ചേരുകയായിരുന്നു അവിടെ. മലയാള സിനിമ പുതിയ ഊര്‍ജം നേടുകയായിരുന്ന ലോഹിയുടെ ആ ചിത്രത്തിലൂടെ. സിനിമക്കു വേണ്ടി ജനിച്ചവനെ സിനിമാലോകം തിരിച്ചറിഞ്ഞ പോലെ. പൈങ്കിളി സിനിമകളില്‍ നിരന്തരമായി അഭിനയിച്ച് താരപദവി പോലും ചോദ്യം ചെയ്യപ്പെട്ട സമയത്ത് മമ്മൂട്ടി എന്ന നടന്‍ വീണ്ടും ഉയരങ്ങളിലേക്ക് കുതിച്ചത് 'തനിയവാര്‍ത്തന'ത്തിലൂടെയാണ്.

ലോഹിയുടെ തിരക്കഥകള്‍ക്ക് പ്രേക്ഷകര്‍ കാത്തുനില്‍ക്കന്നതാണ് പിന്നീട് കണ്ടത്. ഹീറോ എന്ന വാക്കിന് അതുവരെ നമ്മുടെ സിനിമ കണ്ട അര്‍ഥങ്ങള പൊളിച്ചെഴുതി ലോഹിതദാസ്. വിധിയുടെ ക്രൂരവിനോദത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന നായകന്മാര്‍ ലോഹിയുടെ തിരക്കഥകളില്‍ പിറന്നു. മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ (മമ്മൂട്ടി), ദശരഥത്തില രാജീവ്‌മേനോന്‍, കിരീടത്തിലെ സേതുമാധവന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹന്‍ലാല്‍) -നായകകഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ താരസിംഹാസനങ്ങള്‍ ഉറപ്പിച്ചു. വറും താരങ്ങള്‍ മാത്രമല്ല, നല്ല നടന്മാര്‍ കൂടിയാണ് ഇവരെന്ന് വാഴ്ത്തപ്പെടാനും ഈ ചിത്രങ്ങള്‍ സഹായിച്ചു. മലയാള സിനിമയുടെ പുഷ്‌കലമായ ആ കാലത്ത് എഴുത്തുകാരന്റെ രാജസിംഹാസനത്തിലിരുന്നു ലോഹിതദാസ്.


എഴുതാപ്പുറങ്ങള്‍, ആധാരം, മുക്തി, സസ്‌നേഹം, കുടുംബപുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവര്‍, ചെങ്കോല്‍, തൂവല്‍ക്കൊട്ടാരം, സല്ലാപം.... ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി. നല്ല സിനിമ സൃഷ്ടിക്കാനുള്ള മാന്ത്രികദണ്ഡ് കയ്യിലുള്ളവനെ പോലെയായി നിര്‍മ്മാതാക്കള്‍ക്ക് ലോഹിതദാസ്. ലോഹിയുടെ തിരക്കഥക്ക് അവര്‍ കാത്തുനിന്നു എത്ര പണം കൊടുക്കാനും തയ്യാറായി. കഥയുടെ അക്ഷയഖനിയുമായി ലോഹി എഴുതിക്കൊണ്ടിരുന്നു. പക്ഷെ മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതല്ല ലോഹിയുടെ സിനിമകള്‍. കാമ്പുള്ള കഥകള്‍, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദര്‍ഭങ്ങള്‍. വികാരതീവ്രവമായ മുഹൂര്‍ത്തങ്ങള്‍, നമ്മുടെ പരിസരങ്ങളില്‍ കണ്ട കഥാപാത്രങ്ങള്‍, പരിചിതമായ സംഭാഷണങ്ങള്‍- ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം. വികാരതീവ്രവായ മുഹൂര്‍ത്തം എഴുതുന്ന അതേ മികവില്‍ ഹാസ്യരംഗംപോലും ലോഹി എഴുതി ഫലിപ്പിച്ചു.

No comments:

Post a Comment